ഉത്കണ്ഠയിൽ നിന്നും സമ്മർദ്ദത്തിൽ നിന്നും ആശ്വാസം ലഭിക്കാൻ യോഗ അകലെയല്ല.
പിരിമുറുക്കം , ഭയം, ഉത്കണ്ഠ , മുതലായ വികാരങ്ങൾ അനുഭവിച്ച അവസരങ്ങൾ എണ്ണാൻ തുടങ്ങിയാൽ, നമുക്ക് അതിനു കഴിയില്ല ! പരീക്ഷയുടെ ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠ, റിപ്പോർട്ട് കാർഡിനോടുള്ള മാതാപിതാക്കളുടെ പ്രതികരണം, ആദ്യ ഡേറ്റിംഗിനെ കുറിച്ചോ അല്ലെങ്കിൽ ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തെക്കുറിച്ചോ ഉള്ള പരിഭ്രമം -ഇവയിലൂടെയെല്ലാം നമ്മൾ കടന്നു പോയിട്ടുണ്ട്.. ഒരല്പം ഭയം സാധാരണമാണ്; ശരിക്കും പറഞ്ഞാൽ, ഭക്ഷണത്തിലെ ഉപ്പ് പോലെ, നമുക്ക് അച്ചടക്കത്തോടെയും ശ്രദ്ധയോടെയും ഊർജ്ജത്തോടെയും നിലനിൽക്കാൻ അത് ആവശ്യമാണ്.
ഈ ഭയം സ്ഥിരമാവുകയും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഒരു ഭീഷണിയായി മാറുകയും ചെയ്യുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. അത് പിന്നീട് ഒരു ഉത്കണ്ഠാ രോഗമായി മാറുന്നു – – അമിതമായ അസ്വസ്ഥത, ഉത്കണ്ഠ അല്ലെങ്കിൽ അജ്ഞാതമായ ഭയം, ചികിത്സ ആവശ്യമായ അവസ്ഥ , ഇവിടെയൊക്കെ യാണ് യോഗ ഉത്കണ്ഠയെ എളുപ്പത്തിൽ മറികടക്കാൻ നിങ്ങളെ സഹായിക്കുന്നത്.
യോഗ മാത്രമാണ് ഇതിനുള്ള ചികിത്സ എന്ന് കരുതരുത്. ഒരു ഡോക്ടറെ കണ്ടു അഭിപ്രായം തേടിയതിനു ശേഷം മരുന്നിനൊപ്പം ഇതും കൊണ്ടുപോകാം. ഈ അവസ്ഥയെക്കുറിച്ചു നിങ്ങൾക്ക് കൂടുതൽ നന്നായി മാർഗ്ഗനിർദ്ദേശം തരാൻ ഡോക്ടർക്ക് സാധിക്കും ഒപ്പം ഏതുതരം ഉത്കണ്ഠാ രോഗമാണ് നിങ്ങളെ ബാധിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാനും കഴിയും – പാനിക് ഡിസോർഡർ, ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ, പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, സോഷ്യൽ ആൻക്‌സൈറ്റി ഡിസോർഡർ, അല്ലെങ്കിൽ പൊതുവായി കാണുന്ന ഉത്കണ്ഠ രോഗം എന്നിവ ഇതിൽ ചിലതാണ്.
കുറിപ്പ്: അലോപ്പതി മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാം; ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ മറ്റു ചികിത്സാരീതികൾ പരിഗണിക്കാവുന്നതാണ്.
നിങ്ങൾക്ക് ഉത്കണ്ഠാ രോഗമുണ്ടോ എന്ന് അറിയാനുള്ള ലക്ഷണങ്ങൾ:
- നിങ്ങൾക്ക് അസാധാരണമായി പരിഭ്രാന്തിയും ഭയവും അസ്വസ്ഥതയും തോന്നുന്നു.
- ഭൂതകാലത്ത് ആഘാതമേല്പിച്ച അനുഭവങ്ങളെക്കുറിച്ചുള്ള അനിയന്ത്രിതവും ആവർത്തനാത്മകവും ആയ ചിന്തകൾ നിങ്ങൾക്ക് ഉണ്ടാകാറുണ്ട്.
- നിങ്ങൾ പേടി സ്വപ്‌നങ്ങൾ കണ്ടു പതിവായി ഉണരും
- നിങ്ങൾ ആവർത്തിച്ച് കൈകൾ കഴുകുന്ന പ്രവണത കാണിക്കുന്നു.
- നിങ്ങൾക്ക് ഉറക്കത്തിനു പ്രശ്നങ്ങൾ ഉണ്ട്.
- നിങ്ങളുടെ കൈകളും കാലുകളും അസാധാരണമാംവിധം വിയർക്കുന്നു.
- നിങ്ങൾക്കു വർദ്ധിച്ച ഹൃദയമിടിപ്പ് അനുഭവപ്പെടുന്നു
ഉത്കണ്ഠയെ മറികടക്കാൻ യോഗ എങ്ങനെ സഹായിക്കും?
പതിവ് യോഗ പരിശീലനം ദൈനംദിന ജീവിതത്തിൽ ശാന്തമായും വിശ്രമത്തോടെയും തുടരാൻ നിങ്ങളെ സഹായിക്കും, കൂടാതെ സംഭവങ്ങൾ വരുമ്പോൾ അസ്വസ്ഥതയില്ലാതെ അവയെ നേരിടാനുള്ള ശക്തിയും നൽകും.യോഗ പരിശീലനത്തിൽ പ്രധാനമായും ആസനങ്ങൾ ( ശരീര വിന്യാസ രീതികൾ), പ്രാണായാമങ്ങൾ (ശ്വസന രീതികൾ), ധ്യാനം, പൗരാണിക യോഗ തത്ത്വചിന്ത എന്നിവയുടെ സമ്പൂർണ്ണ പാക്കേജ് ഉൾപ്പെടുന്നു, ഇവയെല്ലാം നിരവധി ഉത്കണ്ഠാ രോഗികൾക്ക് സുഖം പ്രാപിക്കാനും ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ നേരിടാനും സഹായിച്ചിട്ടുണ്ട്.
സുഷമ ഗോയൽ എന്ന വീട്ടമ്മ പങ്കുവെക്കുന്നു, “ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്കുപോലും എനിക്ക് എപ്പോഴും പിരിമുറുക്കവും ആശങ്കയും അനുഭവപ്പെടുമായിരുന്നു” .ചെറുതോ വലുതോ ആയ ഓരോ സംഭവവും എന്നെ ഉലയ്ക്കും. എന്റെ ഭർത്താവ് ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചു, അദ്ദേഹം എനിക്ക് പൊതുവായി കാണപ്പെടുന്ന ഉത്കണ്ഠാ രോഗമുണ്ടെന്ന് പറഞ്ഞു. ഞാൻ ഉത്കണ്ഠ ചികിത്സയ്ക്ക് വിധേയയായി, ആറ് മാസത്തോളം പതിവായി യോഗയും ധ്യാനവും പരിശീലിച്ചു. ഇന്ന് എനിക്ക് ഒരു പുതിയ ജന്മം ലഭിച്ചതായി തോന്നുന്നു. എന്റെ ചിന്താഗതി മാറിയിരിക്കുന്നു, ഉള്ളിൽ നിന്ന് എനിക്ക് വളരെയധികം സ്ഥിരത തോന്നുന്നു, സംഭവിക്കുന്നതെല്ലാം നല്ലതിനായിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.ഭാവിയെക്കുറിച്ച് എനിക്ക് ഇനി ഭയമില്ല! യോഗ എനിക്ക് ഈ ശക്തി നൽകി. ”
സുഷമയെപ്പോലെ, നിങ്ങൾക്കും ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തിനോട് ഹലോ പറയാനും യോഗയിലൂടെ ഭയത്തെ മറികടക്കാനും കഴിയും.
ഇനിപ്പറയുന്ന യോഗ വിദ്യകൾ അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാനും സ്വാഭാവികമായി ഉത്കണ്ഠയ്ക്കുള്ള ചികിത്സയിൽ സഹായിക്കാനും ഉപകരിക്കും.
ഉത്കണ്ഠയെ മറികടക്കാനുള്ള 9 യോഗ വിദ്യകൾ
- യോഗാസനങ്ങൾ ചെയ്യുക, നിങ്ങളുടെ മനസ്സിന്റെ സമ്മർദ്ദം ഒഴിവാക്കുക
- ഉത്കണ്ഠ ഒഴിവാക്കാൻ പ്രാണായാമങ്ങൾ ഉപയോഗിച്ച് ശരിയായി ശ്വസിക്കുക
- വിശ്രമത്തിൽ എത്തിയ മനസ്സിന്റെ സമ്മാനം ആസ്വദിക്കാനായി (ഫലം അനുഭവിക്കാൻ) ധ്യാനിക്കുക
- നിങ്ങളുടെ ജീവിതത്തിൽ യോഗയിലെ തത്വശാസ്ത്രം പ്രയോഗിക്കുക; സന്തോഷമായിരിക്കുക, ഓരോ നിമിഷവും ആസ്വദിക്കുക
- പ്രാർത്ഥിക്കുക, വിശ്വാസം നിലനിർത്തുക, പുഞ്ചിരിക്കുക!
- മറ്റുള്ളവർക്ക് വേണ്ടി നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുക
- ലോകത്തിന്റെ അനിശ്ചിതത്വത്തെ അറിയുക
- ഉത്കണ്ഠയെ മറികടക്കാൻ കഴിഞ്ഞ സമാനമായ ഒരു മുൻകാല സാഹചര്യം ഓർമ്മിക്കുക
- നിങ്ങൾക്ക് ചുറ്റും ശുഭാപ്തി വിശ്വാസമുള്ള കൂട്ടുകെട്ട് നിലനിർത്തുക
1. യോഗാസനങ്ങൾ ചെയ്യുക, നിങ്ങളുടെ മനസ്സിന്റെ സമ്മർദ്ദം ഒഴിവാക്കുക
ഈ യോഗാസനങ്ങൾ സന്തോഷകരവും ആരോഗ്യകരവുമായ മനസ്സും ശരീരവും നേടാൻ സഹായിക്കും. ശരീര വ്യവസ്ഥയിൽ നിന്ന് പിരിമുറുക്കവും നിഷേധാത്മകതയും പുറത്തുവിടാൻ ആസനങ്ങൾ സഹായിക്കുന്നു.
- ധനുരാസനം
- മത്സ്യാസനം
- ജാനു ശീർഷാസന
- സേതു ബന്ധാസനം
- മാർജാരിആസനം
- പശ്ചിമോത്താനാസനം
- ഹസ്തപാദാസനം
- ശീർഷാസന
- ശവാസനം
കുറിപ്പ്: യോഗ പരിശീലനത്തിന്റെ അവസാനം, നിങ്ങളുടെ മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്നതിനായി കുറച്ചു നിമിഷങ്ങൾ യോഗ നിദ്രയിൽ കിടക്കുക.സമ്മർദ്ദത്തിന്റെ പ്രാഥമിക കാരണമായ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ ഈ ഉപായം സഹായകമാണ്.
2. ഉത്കണ്ഠ ഒഴിവാക്കാൻ പ്രാണായാമത്തിലൂടെ ശരിയായി ശ്വസിക്കുക
ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്കണ്ഠയ്ക്ക് കാരണമാകുന്ന അനാവശ്യമായ ചിന്തകളിൽ നിന്ന് മനസ്സിനെ മോചിപ്പിക്കാൻ സഹായിക്കും. താഴെ പറയുന്ന ശ്വസനരീതികൾ പരീക്ഷിച്ചുനോക്കൂ:
- കപാൽ ഭാതി പ്രാണായാമം
- ഭസ്ത്രികാ പ്രാണായാമം
- നാഡി ശോധന പ്രാണായാമം
- ഭ്രമരി പ്രാണായാമം
3. വിശ്രമം അനുഭവിക്കുന്ന മനസ്സിന്റെ സമ്മാനം ആസ്വദിക്കാനായി(ഫലം അനുഭവിക്കാൻ) ധ്യാനിക്കുക
ശ്രദ്ധയില്ലാത്ത മനസ്സിന് വിശ്രമവും ശാന്തതയും സമാധാനവും നൽകാനും ധ്യാനം ഒരു മികച്ച ഉപായമാണ്. ദിവസവും ധ്യാനിക്കുന്നത് വഴി നിങ്ങളുടെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അതുവഴി നിങ്ങളുടെ ചുറ്റുമുള്ള ചെറുതും നിസ്സാരവുമായ കാര്യങ്ങളിൽ നിങ്ങൾ എങ്ങനെ പെട്ട് പോകുന്നു എന്നും ബോധവാന്മാരാകുന്നു. അധികം വിഷമിക്കാതിരിക്കാനും അജ്ഞാതമായ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരാകാതിരിക്കാനും ഇത് നിങ്ങളെ സഹായിക്കും. ഉത്കണ്ഠയിൽ നിന്ന് മുക്തി നേടാൻ ധ്യാനം നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് മനസ്സിലാക്കുക.
‘അഡ്രിനാലിൻ റഷ്’ എന്ന പദം നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. എന്തെങ്കിലും ഭീഷണിയെക്കുറിച്ച് നമ്മൾ വളരെയധികം ഉത്കണ്ഠാകുലരാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണത്തിന്, ഒരു സാഹസിക യാത്ര നടത്തുമ്പോൾ, അഡ്രിനാലിൻ ഹോർമോണിന്റെ അളവ് ഉയരുന്നു, ഇത് നമ്മുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കുന്നു, പേശികളെ സമ്മർദ്ദത്തിലാക്കുകയും ശരീരം വളരെയധികം വിയർക്കുകയും ചെയ്യുന്നു. ഈ സമ്മർദ്ദ ഹോർമോണിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ പതിവായി ധ്യാന പരിശീലനം സഹായിക്കുമെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
4. യോഗയിലെ ജ്ഞാനം നിങ്ങളുടെ ജീവിതത്തിൽ പ്രയോഗിക്കുക; സന്തോഷത്തോടെയിരിക്കുക, ഓരോ നിമിഷവും ആസ്വദിക്കുക.
യോഗയുടെ ലളിതവും എന്നാൽ ഗഹനവുമായ ചില തത്വങ്ങളെക്കുറിച്ച് (യമങ്ങളും നിയമങ്ങളും) വിവരിക്കുന്ന പൗരാണിക യോഗ പരിജ്ഞാനം അറിയുകയും ദൈനംദിന ജീവിതത്തിൽ അത് പ്രയോഗിക്കുകയും ചെയ്യുന്നത് സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന്റെ രഹസ്യമായിത്തീരാം. ഉദാഹരണത്തിന്, സന്തോഷ തത്വം (നിയമം) സംതൃപ്തിയുടെ മൂല്യം പഠിപ്പിക്കുന്നു. സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്ന അത്യാഗ്രഹത്തെയോ കൂടുതൽ സ്വന്തമാക്കാനുള്ള ആഗ്രഹത്തെയോ മറികടക്കാൻ അപരിഗ്രഹ തത്വം നമ്മെ സഹായിക്കും. കൂടാതെ, ശൗച തത്വം മനസ്സിന്റെയും ശരീരത്തിന്റെയും ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നു. പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്ക കൂടുതലാണെങ്കിൽ ഈ നിയമം പ്രത്യേകിച്ചും സഹായകമാകും. യോഗയിലെ യമങ്ങളും നിയമങ്ങളും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും നമ്മെ സഹായിക്കും, ഇത് ഉത്കണ്ഠയും സമ്മർദ്ദവും മറികടക്കാൻ ഗണ്യമായി സഹായിക്കുന്നു. യോഗയിലെ തത്ത്വചിന്ത മനസ്സിലാക്കാൻ, പതഞ്ജലി യോഗസൂത്രങ്ങളെക്കുറിച്ചുള്ള ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ വ്യാഖ്യാനം വായിക്കുന്നത് പരിഗണിക്കാവുന്നതാണ്.
5. പ്രാർത്ഥിക്കുക, വിശ്വാസം നിലനിർത്തുക, പുഞ്ചിരിക്കുക!
ഉത്കണ്ഠയിൽ നിന്ന് മുക്തമായി നിങ്ങളെ നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല ഉറപ്പും പിന്തുണയും പ്രാർത്ഥനയാണ്. ദിവസേനയുള്ള പ്രാർത്ഥന, ജപം അല്ലെങ്കിൽ ഭജനകൾ (ഭക്തിഗാനങ്ങൾ) പാടുക തുടങ്ങിയ ശീലങ്ങൾ വളർത്തിയെടുക്കുന്നത് നിങ്ങളിൽ സകാരാത്മക ഊർജ്ജം നിറയ്ക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. എല്ലാം നല്ലതിന് വേണ്ടിയാണു സംഭവിക്കുന്നതെന്നും നമ്മളോട് കരുതലുള്ള ഒരു പരമോന്നത ദിവ്യ ശക്തി ഉണ്ടെന്നുമുള്ള ആഴത്തിലുള്ള വിശ്വാസം ഇവ വളർത്തുന്നു. മാത്രമല്ല, കൂടുതൽ പുഞ്ചിരിക്കാൻ ബോധപൂർവമായ ശ്രമം നടത്തുക. അത് ആത്മവിശ്വാസം, ശാന്തത, ശുഭാപ്തിവിശ്വാസം എന്നിവ തൽക്ഷണം പകരും. ഇപ്പോൾ തന്നെ പരീക്ഷിച്ചു നോക്കൂ!
6. മറ്റുള്ളവർക്ക് വേണ്ടി നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുക
നമ്മൾ നിരന്തരം ഞാൻ എന്റേത് ‘ എന്നതിൽ കുടുങ്ങിക്കിടക്കുമ്പോൾ, അത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഇടം നൽകുന്നു. നമുക്ക് എന്ത് സംഭവിക്കുമെന്ന് നമ്മൾ ആശങ്കാകുലരാകുന്നു. പകരം, നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവർക്ക് നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടാൻ കഴിയുമെന്നതിലേക്ക് ശ്രദ്ധ തിരിക്കുക. ഏതെങ്കിലും സേവന പ്രവർത്തനത്തിലൂടെ സ്വയം ഊർജ്ജസ്വലമാക്കുന്നത് നിങ്ങൾക്ക് ആഴത്തിലുള്ള സംതൃപ്തിയും അതിരറ്റ സന്തോഷവും നൽകും.
7. ലോകത്തിന്റെ നശ്വരത അറിയുക
നമുക്ക് ചുറ്റുമുള്ളതെല്ലാം താൽക്കാലികമാണെന്നും അത് മാറുമെന്നും അറിയുക, ഈ തിരിച്ചറിവ് ഉണ്ടാകുമ്പോൾ, നാം ഉള്ളിൽ നിന്ന് വിശ്രമിക്കുകയും സ്ഥിരതയിൽ എത്തുകയും ചെയ്യുന്നു. ‘ഇതും കടന്നുപോകും, എന്നെന്നേക്കുമായി നിലനിൽക്കില്ല’ എന്ന ഒരു തോന്നൽ നമ്മിൽ ഉടലെടുക്കുകയും ഇത് ഉത്കണ്ഠയിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ ഈ അടിസ്ഥാന തത്വം മനസ്സിലാക്കാൻ ധ്യാനം നമ്മെ സഹായിക്കും.
8. ഇതുപോലെ ഒരു ഉത്കണ്ഠയെ നമ്മൾ മറികടന്ന സമാനമായ ഒരു മുൻകാല സാഹചര്യം ഓർക്കുക
അത് ഈ സാഹചര്യത്തെ പോലും മറികടക്കാൻ നിങ്ങളിൽ അതിയായ ധൈര്യം നിറയ്ക്കുന്നു. ഇത് പലപ്പോഴും നിങ്ങളെത്തന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുക.
9. നിങ്ങളുടെ ചുറ്റും ഒരു സകാരാത്മകമായ (ശുഭാപ്തി വിശ്വാസമുള്ള ) കൂട്ടുകെട്ട് നിലനിർത്തുക
ശുഭാപ്തി വിശ്വാസമുള്ള ആളുകളുമായി കൂടുതൽ സമയം ചെലവഴിക്കുമ്പോൾ, സമാനമായ ചിന്തകൾ നിങ്ങളെ സ്വാധീനിക്കുന്നു, ഇത് ജീവിതത്തോടുള്ള നിങ്ങളുടെ മൊത്തത്തിലുള്ള മനോഭാവത്തിൽ പ്രതിഫലിക്കുന്നു.
ശുഭാപ്തിവിശ്വാസമുള്ള (സകാരാത്മകമായ) മനസ്സിന് മാത്രമേ സന്തോഷം, സമാധാനം, വിശ്രമം എന്നിവ വളർത്താൻ കഴിയൂ.
ശ്രീ ശ്രീ യോഗ അധ്യാപകനായ ഡോ. സേജൽ ഷായുടെ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രീതിക നായർ എഴുതിയതാണ് ഈ ലേഖനം





